ചങ്ങനാശേരി: ചങ്ങനാശേരി റവന്യു ടവറില്‍ മൂന്നു ലിഫ്റ്റുകളും നിശ്ചലം. വിവിധ നിലകളില്‍ വിവിധ ആവശ്യങ്ങളുമായെത്തുന്ന ആളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളുള്‍പ്പെടെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും നിരവധി പടികള്‍ ചവിട്ടിക്കയറി മടുത്തു. പടികള്‍ ചവിട്ടിക്കയറുന്നതിനിടയില് പലര്‍ക്കും ശ്വാസതടസം നേരിടുന്നതു പതിവാണ്. വയോജനങ്ങളും ആരോഗ്യപ്രശ്നമുള്ളവരും ഭിന്നശേഷിക്കാരുമാണ് കൂടുതൽ ദുരിതപ്പെടുന്നത്.
താലൂക്ക് ഓഫീസ്, മോട്ടോര്‍ വാഹനവകുപ്പ്, സെയില്‍ടാക്സ്, സബ് രജിസ്ട്രാര്‍, എംപ്ലോയ്മെന്റ്, വ്യവസായം, സപ്ലൈ ഓഫീസ് ഉൾപ്പെടെ ഇരുപത്തിയഞ്ചോളം സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജോബ് കണ്‍സള്‍ട്ടന്‍സികള്‍, ചായക്കടകള്‍, അഭിഭാഷക ഓഫീസുകള്‍ തുടങ്ങി നൂറിലേറെ സ്ഥാപനങ്ങളാണ് താലൂക്കിന്റെ ഭരണ സിരാകേന്ദ്രമെന്നു വിശേഷിക്കപ്പെടുന്ന ടവറില്‍ പ്രവര്‍ത്തിക്കുന്നത്.
ആറു നിലയുള്ള ഈ ടവറില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ദുഷ്കരം തന്നെയാണ്. ലിഫ്റ്റുകള്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഇവയ്ക്കുള്ളില്‍ ആളുകള്‍ കുടുങ്ങുന്നത് പതിവായിരുന്നു. ശൗചാലയങ്ങൾ ദുര്‍ഗന്ധപൂരിതമാണ്.
ടവറില്‍ മുറി വാടകക്കെടുത്ത് സ്ഥാപനം നടത്തുന്ന സോണി കുട്ടംപേരൂര്‍ ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി താലൂക്ക് ലീഗല്‍ സെല്‍ അഥോറിറ്റി ചെയര്മാന് മുമ്പാകെ സംസ്ഥാന ഹൗസിംഗ് ബോര്‍ഡ് ചെയര്മാന്, ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറി, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍, കോട്ടയം ജില്ലാ കളക്ടര്‍ എന്നിവര്‍ക്കെതിരേ പരാതി നല്‍കിയിരുന്നു. ഇവര്‍ ഇന്ന് ചങ്ങനാശേരി മുനിസിഫ് കോടതിയില്‍ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.
ടവറിന്റെ അവസ്ഥ പരിതാപകരം
കാല് നൂറ്റാണ്ട് പഴക്കമുള്ള റവന്യു ടവറിലെ മൂന്നു ലിഫ്റ്റുകളും തകരാറിലായത് വിവിധ ആവശ്യങ്ങള്‍ക്ക് ടവറില്‍ എത്തുന്നവര്‍ക്ക് ദുരിതമാണ്. ലിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ അധികൃതരുടെ അനാസ്ഥ തുടരുകയാണ്. ശൗചാലയങ്ങളുടെ അവസ്ഥയും ശോചനീയമാണ്. ടവറിലെ പല സ്വകാര്യ സ്ഥാപനങ്ങളും പൂട്ടല്‍ ഭീഷണിയിലാണ്.
ജയിംസ് കാലാവടക്കന്‍ റവന്യു ടവര്‍ മാനേജ്മെന്റ് കമ്മിറ്റിയംഗം
അധികൃതര്‍ കണ്ണു തുറക്കണം
ചങ്ങനാശേരി റവന്യു ടവറിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തര ഇടപെടല്‍ നടത്തണം. ലിഫ്റ്റുകളുടെ തകര്‍ച്ചയടക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹൗസിംഗ് ബോര്‍ഡ് അധികൃതരെ സമീപിച്ചിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കേണ്ടി വന്നു. കോടതി അനുകൂല ഇടപെടല്‍ നടത്തുമെന്നു പ്രതീക്ഷിക്കുന്നു.
സോണി കുട്ടംപേരൂര്‍,
ടവറിലെ സ്ഥാപന ഉടമ